Monday, May 30, 2016

നരസിംഹറാ‍വു അങ്ങേയ്ക്ക് സമാധാനമുണ്ടാവട്ടേ...


നെഹ്രു കാലം മുതലേയുള്ള കോൺഗ്രസ്സ് പാർട്ടിയുടെ സകല പിന്നാമ്പുറ വിഴുപ്പലക്കലുകളിലും ഭാഗഭാക്കായിരുന്നെങ്കിലും ഒരു പ്രത്യേക കാലത്ത് ഭാരതത്തിന്റെ ഭാഗധേയം തന്നെ മാറ്റാൻ വഴിതെളിച്ച, വലിയ ദീർഘവീക്ഷണമുണ്ടായിരുന്ന നല്ലൊരു ഭരണാ‍ധികാരിയായിരുന്നു.

നെഹ്രു കുടുംബവാഴ്ചയുടെ കളിപ്പാട്ടമെന്നതിൽക്കവിഞ്ഞ് ഭാരതവികസനത്തിനും പുരോഗതിയ്ക്കും ഗവണ്മെന്റിനെ ഉപയോഗിച്ച ചുരുക്കം ഭരണാ‍ധികാരികളിലൊരാൾ.

ആധുനിക നേതാക്കളിൽ ഒരു സ്മാരകം വേണ്ടത് ഈ മനുഷ്യനു തന്നെയാണ്. മരിച്ചുമണ്മറഞ്ഞ, ഭാരതത്തെ ഭാരതമാക്കാൻ വല്ലാതെ ശ്രമിച്ചെങ്കിലും നമ്മളെല്ലാവരാലും നട്ടാൽക്കുരുക്കാത്ത നുണകളാൽ അഭിഷേകം ചെയ്യപ്പെട്ട് സ്വജീവിതസമയത്ത് ഒരു നല്ലവാക്കുപോലും കേൾക്കാതെ അരങ്ങൊഴിഞ്ഞ ഒരു ജീവിതമാണിത്. ആ നല്ലൊരു ഭരണാ‍ധികാരിയുടെ ഓർമ്മകൾക്കെങ്കിലും ശാന്തിയുണ്ടാവട്ടെ.

നമ്മൾ ഭാരതീയർ നന്ദിയില്ലാത്ത വർഗ്ഗമെന്ന് വരും തലമുറ പറയാതിരിയ്ക്കാനെങ്കിലും. അല്ല സ്വയം ബോധിപ്പിയ്ക്കാനെങ്കിലും.

ഈ മനുഷ്യനെയും അദ്ദേഹത്തിന്റെ ഗവണ്മെന്റ് കൈക്കൊണ്ട നടപടികളേയും യാതൊരു ശാസ്ത്രീയാടിസ്ഥാനവുമില്ലാതെ പ്രൊപ്പഗാണ്ടാ യുദ്ധങ്ങളിൽ മുക്കിക്കൊല്ലാൻ കോടിക്കണക്കിനു പേജുകളും ആളും അർത്ഥവും ചെലവഴിച്ച ചിലരുണ്ട്.

വൈകുന്നേരങ്ങളിൽ യാങ്കി ഭീകരനെ തെരുവുകൾ തോറും തച്ചുകൊന്ന് സംതൃപ്തിയടഞ്ഞ് അവനവന്റെ സർക്കാർ ലാവണങ്ങളിൽ മൃഷ്ടാന്നം ഭുജിച്ചമർന്നിരുന്ന് നാട്ടുകാരനെ കപടവാദങ്ങളും വൈകാരിക ആക്രമണങ്ങളും കൊണ്ട് പറഞ്ഞ് പറ്റിയ്ക്കാനിറങ്ങുന്നവർ.

കേരളത്തിന്റെ ബൗദ്ധികപാപ്പരത്തത്തിന്റെ കാവലാൾമാരായ ഈ അണിയറജീവികൾ, ഇടത്കക്ഷം അധികാരത്തിലെത്തുമ്പൊ പ്ളാനിങ്ങ് ബോർഡിന്റെ ചുറ്റുവട്ടങ്ങളിൽ കറങ്ങിയടിച്ചും എറിഞ്ഞുകൊടുക്കുന്ന അരക്കാറും നാലുതുട്ടും നോക്കി വാലാട്ടുന്ന ഫ്രാക്ഷൻ കളിച്ച് ജീവിയ്ക്കുന്ന മഹാത്മാക്കളാണ്. വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. വലിയൊരു മൂവ്മന്റിനെ തൊഴുത്തിൽക്കെട്ടിയതിന്റെ കയറുമായിട്ട്. ഇപ്പം പ്രധാനാവശ്യം വിഴിഞ്ഞത്തിനെ ഒലത്തണമെന്നാണത്രേ!

പത്തിരുപത് കൊല്ലം മുന്നേ പറഞ്ഞ് പറ്റിച്ചപോലെ ഇന്നും പറ്റിയ്ക്കപ്പെടാൻ കലുങ്കിൽ ബീഡീം വലിച്ച് യാങ്കിഭീകരനുമായി സാങ്കൽപ്പികയുദ്ധത്തിൽ ഏർപ്പെടാൻ ഡോൺ ക്വിക്സോട്ടുമാരില്ല അധികമിന്ന്.

കാരണം നരസിംഹറാവു സഹായിച്ച് സകലവനും കോർപ്പറേറ്റ് ലാവണങ്ങളിലാണ്. അത്യാവശ്യം അരിയ്ക്ക് കാശുമുണ്ട്. സർക്കാർ ലാവണക്കാരൻ ബാബുവിന്റെ ആജ്ഞ അനുസരിച്ച് തുള്ളണമെന്നതിലപ്പുറം, അവൻ പറയുന്നത് പാടണമെന്നതിലപ്പുറം ഉദാരവൽക്കരണം മനുഷ്യനെ പലതും പഠിപ്പിച്ചും പോയി.

പക്ഷേ ബൗദ്ധികപാപ്പരത്തത്തിന്റെ കാര്യത്തിൽ ആരോ പറഞ്ഞപോലെ ഞാനുമൊരു ഊളയായ സ്ഥിതിയ്ക്ക് എന്നും ഊളകളുണ്ടാവും ചെല്ലുവിളിയ്ക്കെന്ന് മാത്രം ഓർക്കുന്നു. പ്ളാനിങ്ങ് ബോർഡും ഉപദേശകസ്ഥാനങ്ങളും എല്ലാക്കാലത്തുമുണ്ടാവുകയും ചെയ്യുമല്ലോ.

നരസിംഹറാവു, അങ്ങേയ്ക്ക് സമാധാനമുണ്ടാവട്ടെ. ഞങ്ങൾ ഭാരതീയർ (എല്ലാവരും) അത്ര നെറികെട്ട വർഗ്ഗമല്ല, At the end of the day.

Saturday, May 21, 2016

കമ്യൂണിസ്റ്റ് ഗൂണ്ടാരാജ് കേരളത്തിൽ

അധികാരത്തിലെത്തിയയുടേനേ സീപീഎം അവരുടെ കൊലക്കത്തി രാഷ്ട്രിയം തിരികെയെടുത്തിരിയ്ക്കുകയാണ്. പോലീസിനേയും ഭരണകൂടത്തേയും നിയന്ത്രിയ്ക്കാം എന്ന ഉറപ്പാവണം കേരളത്തിലുടനീളം അക്രമമഴിച്ചുവിടാൻ അവരെ ഭയമില്ലാതെയാക്കുന്നത്.

തൃശൂരിൽ ഒരു ബീജേപീ പ്രവർത്തകൻ കൊല്ലപ്പെട്ടു. ഇഷ്ടിക കൊണ്ട് തലയ്ക്കിടിച്ചാണ് അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തിയത്. നാദാപുരത്തും കണ്ണൂരും മാത്രമല്ല, ഇങ്ങ് കരുനാഗപ്പള്ളിയിലും ചാത്തന്നൂരും തിരുവനന്തപുരത്തും വരെ ബീജേപീ പ്രവർത്തകരേയും അവരുടെ വീട്ടിലുള്ളവരേയും തിരഞ്ഞ്പിടിച്ച് ആക്രമിയ്ക്കുകയാണ്. ആലപ്പുഴയിൽ സ്ത്രീകളുൾപ്പടെയുള്ളവരെ, പെൺകുട്ടികളെ വരെ ആക്രമിച്ചു. സീപീഎമ്മിന്റെ ആക്രമണങ്ങളിൽ ഭയന്ന് ആൾക്കാർ വീടുവിട്ട് പോകുന്നു. വടകരയിൽ ആർ എം പീയ്ക്ക് നേരേയാണ് വീണ്ടും വീണ്ടും ആക്രമണം. അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമായതിനാലാവണം കോൺഗ്രസ്സിനെ അവർ വെറുതേ വിട്ടമാതിരിയാണ്. 

പിണറായിയിൽ സീപീഎം പ്രവർത്തകന്റെ മുകളിൽ സീപീഎം ന്റെ തന്നെ പ്രചരണവാഹനം കയറി അദ്ദേഹം കൊല്ലപ്പെട്ടുവെന്നാണ് ഒരു വാർത്ത. ആർ എസ് എസ് കാർ ബോംബെറിഞ്ഞതുകൊണ്ടാണ് അദ്ദേഹം വാഹനത്തിൽ നിന്ന് വീണതെന്നാണ് പറയുന്നത്. പിണറായിപോലൊരു പാർട്ടിഗ്രാമത്തിൽ ആർ എസ് എസ് കാർ പ്രചരണജാഥയ്ക്ക് നേരേ ബോംബെറിഞ്ഞെന്നും അവരാ മോബിൽ നിന്ന് ഒന്നും പറ്റാതെ രക്ഷപെട്ടെന്നുമൊക്കെപ്പറയുന്നത് സാമാന്യയുക്തിയ്ക്ക് നിരക്കുന്നതല്ല. എന്താണ് സംഭവിച്ചതെന്ന് അന്വേഷിയ്ക്കണം. എന്തായാലും അവരുടെ തന്നെ പ്രചരണവാഹനത്തിൽ നിന്നുണ്ടായ അപകടത്തിലാണ് ആ പ്രവർത്തകൻ മരണപ്പെട്ടതെന്ന് പറയുന്നു. സീപീഎം പറയുന്നത് പ്രത്യേകിച്ച് ഒരു പാർട്ടിഗ്രാമത്തിലെ സ്ഥിതിയാവുമ്പൊ വിശ്വസിയ്ക്കാൻ നിവൃത്തിയില്ല. ഇന്ന് വരെയുള്ള പല വിഷയങ്ങളിലും സീപീഎം പ്രചരിപ്പിച്ച പലതും പച്ചക്കള്ളങ്ങളായിരുന്നെന്ന് പിന്നീട് വ്യക്തമായതാണ്.

ഒരുപക്ഷേ ഇത് പ്രതീക്ഷിച്ചതുമാണ്. സീപീഎമ്മുകാർ ഉണ്ടാക്കിക്കൊണ്ടിരുന്ന ബോംബുപൊട്ടി മാത്രം രണ്ടോ മൂന്നോ അപകടങ്ങളാണ് തിരഞ്ഞെടുപ്പിനു മുന്നേ കേരളത്തിൽ നടന്നത്. ഈ ബോംബുകളെല്ലാം ഉണ്ടാക്കുന്നത് പൊട്ടിയ്ക്കാൻ തന്നെയാവുമെന്ന് എല്ലാവർക്കുമറിയാം. ബംഗാൾ മോഡലിൽ ആളേക്കൊല്ലുന്ന രാഷ്ട്രീയത്തിന്റെ പ്രയോക്താക്കൾ, പോലീസിന്റേയും അധികാരത്തിന്റേയും തണലിൽ കേരളത്തിലെ ഏറ്റവും വലിയ ഗൂണ്ടാസംഘം അധികാരത്തിലേറിയിരിയ്ക്കുന്ന ഈ അവസരത്തിൽ ഈ അക്രമങ്ങളെ പ്രതിരോധിയ്ക്കാൻ എന്ത് ചെയ്യണമെന്ന് ചിന്തിയ്ക്കണം. സമാധാനപരമായി സംയമനം പാലിച്ച് സുരക്ഷിതമായിരിയ്ക്കുക എന്നതാണ് ആദ്യം പറയാനുള്ളത്. ഓർക്കുക ഇവിടം കലാപഭൂമിയാക്കുക തന്നെയാണ് അവരുടെ ആവശ്യം. ആ കെണിയിൽ വിഴരുത്.

കലാപവും അരക്ഷിതാവസ്ഥയും അഴിച്ച് വിടുകയും കള്ളപ്രചരണങ്ങൾ വഴി അത് മറ്റുള്ളവരുടെ ചുമലിൽ കെട്ടിവയ്ക്കുകയും ചെയ്യുക എന്നത് സീപീഎം ശീലമാണ്. അത് ഫസൽ വധത്തിൽ മുതൽ ടീപീ വധത്തിൽ വരെ പ്രകടമായതുമാണ്. ആളേക്കൊല്ലുന്നത് ഹരമായി കാണുന്നവർ നേതാക്കളാ‍വുന്ന നേരം കേരളത്തിൽ ബീജേപീ പ്രവർത്തകരുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ വേണ്ടത് ചെയ്യാൻ സർക്കാരിന്റെ മെഷിനറികളെ നിർബന്ധിയ്ക്കുകയും വിജിലന്റ് ആയിരിയ്ക്കുകയുമേ നിവൃത്തിയുള്ളൂ.

ഓർക്കുക അവർ ശരിയാക്കും എന്ന് പറഞ്ഞ് തന്നെയാണ് അധികാരത്തിലെത്തിയത്. ആ വാചകമൊരു അപായസൂചനയായിരുന്നോ എന്ന് സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു.