Tuesday, June 23, 2015

യോഗാഭ്യാസമാണു വിഷയം

യോഗാഭ്യാസമാണു വിഷയം

യോഗാഭ്യാസം ചെയ്താൽ അഞ്ചു വെള്ള സാധനങ്ങൾ ഒഴിവാക്കിയാലെന്ന പോലെ കാൻസർ വരില്ല മുതൽ ഡെങ്കിപ്പനി പോവുമെന്ന് വരെ വായിച്ചും കേട്ടും തലയ്ക്ക് ചുറ്റും ഉണ്ടായ ഓറയെ കഷ്ടപ്പെട്ട് തട്ടിമാറ്റി വയറുപൊത്തി പ്രാണായാമത്തിന്റെ ഏറ്റവും ഉയർന്ന രൂപമായ അട്ടഹാസക്രീയ ചെയ്തുകൊണ്ടിരിയ്ക്കെയാണ് വിവർത്തനാംഗലേയയുക്തി മാത്രം വാദിയ്ക്കുന്നവരുടെ ചില വാദങ്ങൾ കേട്ടത്. അട്ടഹാസം മഹാട്ടഹാസമായി, ഹൈപ്പോക്സിയയാൽ വിജൃംഭിതമായ ന്യൂറോണുകളിൽ പ്രാണചലനം സോഡിയം പൊട്ടാസ്യം അയോണുകളുമായി തലകീഴായ ആഭിചാരമാരംഭിച്ചു. സാക്ഷാൽ യോഗദേവനായ പരമേശ്വരൻ പ്രത്യക്ഷപ്പെട്ടു. എഴ്തെറാ പന്നീ എന്നാജ്ഞാപിച്ചു.

ആദ്യമേ പീയെസ്: ഡാക്ടർ മാർക് സിംഗിൾട്ടണെ എനിയ്ക്കറിയില്ല.

രണ്ടാം പീയെസ്: ഓക്സ്ബ്രിഡ്ജ് പബ്ളിക് റിലേഷൻസ് എന്നത് ഒരു ചെറിയ മീനല്ല.

മൂന്നാം പീയെസ്: യോഗഃ കര്‍മസു കൗശലം മുതൽ പാതജ്ഞലീ യോഗസൂത്രത്തിൽ വരെ പറയുന്ന യോഗഃ അല്ല നമ്മൾ പറയുന്ന യോഗാഭ്യാസം. അത് യോഗ,  ഇത് അഭ്യാസം. നിത്യ അഭ്യാസീടെ ആനയാകുന്നു.

നാലാം പീയെസ്: യോഗയ്ക്ക് അമേരിയ്ക്കയിൽ മാത്രം ഏതാണ്ട് ആറു ബില്യൻ ഡാളർ വെലയുണ്ടെന്ന് ഭിത്തിച്ചുവരു പത്രിക പറഞ്ഞിട്ടില്ല.

യോഗത്തിലേയ്ക്ക് പോകുന്നതിനു മുന്നേ സൂര്യനമസ്കാരത്തിലേയ്ക്ക് വരാം. സൂര്യ നമസ്കാരം എന്നത് ഔന്ഥിലെ രാജാവ് ശ്രീമാൻ  പാന്ത് പ്രതിനിധി, അദ്ദേഹത്തിന്റെ സ്കൂളുകളിലേയ്ക്ക് ഉണ്ടാക്കിയതെന്നാണ് ഒരു വാദം. അത് ശുദ്ധ ഭോഷ്കാണ്. ശ്രീമാൻ  പാന്ത് പ്രതിനിധി എവിടേയും അദ്ദേഹമാണ് സൂര്യനമസ്കാരം  ഉണ്ടാക്കിയതെന്ന് പറയുന്നില്ല. അദ്ദേഹം 1951ൽ മരണപ്പെട്ടയാളാണ്.ഒരു പാട് പഴയ കാലത്ത് ജീവിച്ചിരുന്നയാളൊന്നുമല്ല.  പൗരാണികമായി ചെയ്ത് വന്നിരുന്ന സൂര്യനമസ്കാരം എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത് . മാത്രമല്ല, ആയിരക്കണക്കിനു കൊല്ലങ്ങളായി ചെയ്ത് വന്നിരുന്ന രീതിയിൽ നിന്ന് എന്താണ് മാറ്റങ്ങൾ വരുത്തിയതെന്ന് വ്യക്തമായി പറയുകയും ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് മൂന്നാമത്തെ സ്ഥാനത്ത് ചെയ്യുമ്പോൾ കാലു മുന്നോട്ട് വലിച്ച് വയ്ക്കുന്നതും രണ്ടാമത്തെ പാദഹസ്താസനം പോലെ ചെയ്യുമ്പോൾ കാലു നിവർന്നിരിയ്ക്കണമെന്നതും  മറ്റും അദ്ദേഹം വരുത്തിയ മാറ്റമാണ്. അതൊഴിച്ച് അദ്ദേഹം ഒരു മാറ്റവും വരുത്തിയിട്ടില്ല. ശ്വാസനിയന്ത്രണത്തിലും ചില മാറ്റങ്ങൾ ഔന്ഥ് രീതിയിൽ  സാമ്പ്രദായികമായ രീതികളിൽ നിന്നുണ്ട്. സൂര്യനമസ്കാരത്തെ ഇന്നത്തെ രീതിയിൽ വിന്യസിച്ചത് അദ്ദെഹമാണെന്ന് പറയാം. സ്കൂളുകളിൽ സൂര്യനമസ്കാരം നിർബന്ധിതമാക്കുകയും അതോടനുബന്ധിച്ച ഒരു കായിക സംസ്കാരം വളർത്തിയെടുക്കാൻ ശ്രമിയ്ക്കുകയും ചെയ്തു .

അദ്ദേഹം സൂര്യനമസ്കാരം ചെയ്യാൻ തുടങ്ങിയത് തന്നെ 1908ലാണ്, എന്നാൽ 1800 കളിൽ തന്നെ ബ്രിട്ടീഷുകാരും ഇൻഡ്യാക്കാരുമൊക്കെ എഴുതിയ പുസ്തകങ്ങളിൽ സൂര്യനമസ്കാരത്തെക്കുറിച്ച് പറയുന്നുണ്ട്. മഹാരാജാ ശിവാജിയുടെ ഗുരുവായ സമർഥ രാംദാസ്ജീ ദിവസേന സൂര്യനമസ്കാരം ചെയ്യുന്നതിനു പ്രസിദ്ധനായിരുന്നു.

ഔന്ഥിലെ മഹാരാജാ പാന്ത് പ്രതിനിധിയെപ്പറ്റിയുള്ള മറ്റൊരു ആക്ഷേപവും സൂര്യനമസ്കാരത്തെ വെടക്കാക്കി നമുക്കാക്കാനുള്ള ഒരു ഗവേഷണ കണ്ടിപ്പിടുത്തവും അദ്ദേഹംആധുനിക ശരീരനിർമ്മാണ കലയുടെ പിതാവെന്നറിയപ്പെടുന്ന യൂജെൻ സാൻഡോ (Eugen Sandow) എന്ന മല്ലന്റെ വലിയ ആരാധകനായിരുന്നെന്നും അങ്ങനെ യൂജെൻ സാൻഡോവിന്റെ വ്യായാമമുറകളാണ് സൂര്യനമസ്കാരമായി കാണിച്ചതെന്നുമാണ്.  യൂജീൻ സാൻഡോവിനെപ്പറ്റി പാന്ത് പ്രതിനിധി പറഞ്ഞിരിയ്ക്കുന്നതെന്തെന്ന് നോക്കാം

"In 1897, we read about Sandow, a famous physical culturist. We purchased all his apparatus and books, and for fully ten years practiced regularly according to his instructions with the result that the chest measurement remained the same while that of the waist and abdomen showed a marked reduction. Since 1908 being influenced by the example and advice of our esteemed friend Shrimant Sir Gangadhararao, chief of Miraj, we have been doing Suryanamaskara everyday with Manthras and Vedic hymns, and the result has been most remarkable lightness of body, buoyancy of mind and a general feeling of youthfulness which must be experienced to be understood."

(പാന്ഥ് പ്രതിനിധിയുടെ സൂര്യനമസ്കാരത്തെപ്പറ്റിയുള്ള പുസ്തകത്തിന്റെ ഒരു ഭാഗം)

ഇത് വായിച്ചിട്ട്, യുജെൻ സാൻഡോന്റെ വ്യായാമമുറകളിൽ നിന്ന് സൂര്യനമസ്കാരം ഉണ്ടാക്കിയെന്നോ? അതോ യൂജെൻ സാൻഡോവിന്റെ വ്യായാമരീതികളിലൊക്കെ വലിയ താൽപ്പര്യമില്ലാതെ (അൽപ്പം വയറു കുറഞ്ഞു എന്നതൊഴിച്ചാൽ) മിറജിലെ രാജാവായ ഗംഗാധർ റാവു അദ്ദേഹത്തിന്റെ അനുഭവത്തിൽ നിന്ന് ഉപദേശിച്ചതനുസ്സരിച്ച് സൂര്യനമസ്കാരം വേദമന്ത്രങ്ങളോടെ ചെയ്യുകയും ശരീരത്തിനും മനസ്സിനും ഗുണമുണ്ടായതായി തോന്നുകയും ചെയ്തു എന്നോ? എന്താണു തോന്നുന്നത്?

ശ്രീ പാന്ഥ് പ്രതിനിധി സൂര്യനമസ്കാരത്തിൽ വരുത്തിയ മറ്റൊരു പ്രധാന മാറ്റം സാമ്പ്രദായികമായി സൂര്യനമസ്കാരം ചെയ്യുമ്പോൾ ചൊല്ലേണ്ടുന്ന വേദമന്ത്രങ്ങൾക്ക് പകരം എല്ലാ മതസ്ഥർക്കും ചെയ്യാൻ മതേതരമായ മന്ത്രങ്ങൾക്ക് തുല്യമായ ശബ്ദങ്ങൾ ഉണ്ടാക്കി എന്നതാണ്. അർത്ഥമുള്ള മന്ത്രങ്ങൾക്ക് പകരം അർത്ഥമില്ലാത്ത ശബ്ദങ്ങൾ മാത്രം (അത്തരം ശബ്ദങ്ങൾ ഉച്ചരിയ്ക്കുമ്പോൾ ശ്വാസഗതി ക്രമീകരിയ്ക്കപ്പെടുന്നു എന്ന ധാരണായാൽ) ഉപയോഗിച്ച് സൂര്യനമസ്കാരത്തിനൊരു മതേതര സംവിധാനം പോലും ഉണ്ടാക്കിയ മനുഷ്യനാണ് ശ്രീ പാന്ഥ് പ്രതിനിധി.


ഇനി യൂജെൻ സാൻഡോ ഇവിടെ തീരുന്നില്ല. യോഗാഭ്യാസവും ഉണ്ടാക്കിയത് പുള്ളിയാണെന്നാണ് പഴമൊഴി. ഈ യൂജെൻ സാൻഡോ അത്ര മിടുക്കനാരുന്നോ? നമുക്ക് യോഗാഭ്യാസത്തിന്റെ കാര്യം പറയുമ്പൊ അതിലോട്ട് വിശദമായി വരാം. വന്നല്ലേ പറ്റൂ.

യോഗാഭ്യാസമെന്ന പേരിലുള്ള ഹഠയോഗരീതികൾ, അതായത് ആസനങ്ങൾ, പ്രാണായാമം, ക്രീയകൾ, ബന്ധങ്ങൾ തുടങ്ങിയവ താന്ത്രിക പാരമ്പര്യം തന്നെയാണ്. നമ്മൾ ഇന്ന് കാണുന്ന ആസനങ്ങൾ പലതും തപസ്സിനായും ധ്യാനിയ്ക്കാനായും (ഒരു സ്ഥലത്ത് അനങ്ങാതെ സുഖമായി ഒരുപാട് നേരം ഇരിയ്ക്കൽ/ കിടക്കൽ ഒക്കെ ചെയ്യാൻ) ഉള്ള ടെക്നിക്കുകളായി ഉപയോഗിച്ചിരുന്നതാണ്. ചിലത് ചില പ്രത്യേക സിദ്ധികൾ ലഭിയ്ക്കുന്നതിനായി ശീലിച്ചിരുന്നതും (സിദ്ധി ലഭിച്ചോ ഇല്ലയോ എന്നെനിയ്ക്കറിയില്ല :-) )

ഹഠയോഗപ്രദീപിക എന്ന ഗ്രന്ഥത്തിൽ വളരെക്കുറച്ച് ആസനങ്ങളെപ്പറ്റിയേ പറയുന്നുള്ളൂ എന്നാണൊരു വിമർശനം , എന്തായാലും പതിനഞ്ച് ആസനങ്ങളെപ്പറ്റി വ്യക്തമായി അതിൽ പറയുന്നുണ്ട്. ആദ്യത്തെ പതിനൊന്നെണ്ണം പറഞ്ഞിട്ട് ഇനി ശിവൻ പഠിപ്പിച്ച 84 ആസനങ്ങളിൽ പ്രമുഖമായ നാലെണ്ണം കൂടി പറയാം എന്ന് പറഞ്ഞിട്ടാണ് അവസാന നാലെണ്ണം പറയുന്നത്. ശിവസംഹിതയിലും ചില ആസനങ്ങൾ വിശദീകരിച്ചിട്ടുണ്ട്. പക്ഷേ ആ ഗ്രന്ഥത്തിൽ അത്യാവശ്യം വേണ്ട നാല് ആസനങ്ങളേക്കാൾ പ്രാണായാമത്തേയും പ്രധാനമായ പത്ത് മുദ്രകളേയും പറ്റിയാണ് വിശദീകരിച്ചിരിയ്ക്കുന്നത്.

നമുക്ക് തിരുമലൈ കൃഷ്ണമാചാര്യയെ പറ്റി പറയാം. അദ്ദേഹമാണ് യോഗാഭ്യാസം ആധുനിക കാലത്ത് ഇത്രയും പ്രചരിപ്പിച്ചത്. അതിനു മുന്നേ ഹിമാലയത്തിലെ ചില കൾട്ടുകളിലും നാഗാ സന്യാസിമാരെപ്പോലെയുള്ള ചില ഗ്രൂപ്പുകളിലും ഒതുങ്ങിക്കിടന്നിരുന്ന യോഗാഭ്യാസം പൊതുധാരയിൽ എത്തിച്ചത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ ശിഷ്യനും ഭാര്യാസഹോദരനുമായ ബീ കേ എസ് അയ്യങ്കാർ, മക്കളായ ഇന്ദ്രാ ദേവി, പട്ടാഭി ജ്യോസ് എന്നിവരൊക്കെയാണ് വിദേശങ്ങളിൽ യോഗയെ പ്രചരിപ്പിയ്ക്കുകയും യോഗാഭ്യാസം എന്ന മൾട്ടി മില്യൻ വരുമാനമുള്ള ബിസിനസ് ശൃംഘലയുടെ സ്ഥാപകരുമായത്.(അതേപ്പറ്റിയും പറയണം, ഓർപ്പിയ്ക്കണേ)

തിരുമലൈ കൃഷ്ണമാചാര്യ തമിഴ്നാട്ടിൽ വച്ച് കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ അച്ഛനിൽ നിന്നാണ് ആദ്യം യോഗാഭ്യാസം പഠിച്ചതെന്ന് ഒരുപാട് തവണ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹവും വളരെയടുത്ത കാലത്താണ് (1989ൽ) മരണപ്പെട്ടത്. ജനിച്ചത് 1888ൽ ആണെങ്കിലും. അദ്ദേഹത്തിന്റെ ക്ലാസുകളുടെയും പറ്റും വീഡിയോകൾ പോലും യൂറ്റ്യൂബിലും മറ്റും കിടപ്പുണ്ട്. എഴുതിയ പുസ്തകങ്ങൾ വേറേ.


https://upload.wikimedia.org/wikipedia/en/3/36/Tirumalai_Krishnamacharya.png
(തിരുമലൈ കൃഷ്ണമാചാര്യ)

ഇൻഡ്യയൊട്ടാകെ സഞ്ചരിച്ച് പല യൂണിവേഴ്സിറ്റികളിലും, കോളേജുകളിലും നിന്ന് വിദ്യാഭ്യാസം നടത്തുകയും (ഭാരതീയ ദർശനങ്ങളും സംസ്കൃതവും ആയിരുന്നു പഠനം) ബംഗാളിൽ നിന്ന് ആയൂർവേദം പഠിയ്ക്കുകയും ചെയ്ത അദ്ദേഹം  ഇന്നത്തെ ടിബറ്റ് ഭാഗത്ത് ജീവിച്ചിരുന്ന യോഗേശ്വര രാം മോഹന ബ്രഹ്മചാരിയിൽ നിന്ന് യോഗവിദ്യ പഠിയ്ക്കണമെന്നുറച്ചു. പക്ഷേ അവിടേയ്ക്ക് പോകാനായി വൈസ്രോയിയുടെ അനുവാദം വേണ്ടിയിരുന്നു. അനുവാദം വാങ്ങാൻ അന്നത്തെ ശീതകാല തലസ്ഥാനമായ സിം‌ലയിൽ ചെന്ന അദ്ദേഹം വൈസ്രോയിയായിരുന്ന ലോർഡ് ഇർവിനെ പ്രമേഹ രോഗം കലശലായപ്പൊ യോഗാഭ്യാസം പരിശീലിപ്പിയ്ക്കുകയും, അതുവഴി പ്രമേഹം നിയന്ത്രണത്തിലായ വൈസ്രോയി കൃഷ്ണമാചാര്യയെ ആവശ്യത്തിനു പണവും മൂന്ന് സഹചാരികളേയും വിട്ടു കൊടുത്ത് യോഗേശ്വര രാം മോഹന ബ്രഹ്മചാരിയെ കണ്ടുപിടിയ്ക്കുവാൻ ടിബറ്റിലേക്ക് യാത്രാനുമതി നൽകുകയും ചെയ്തു. രണ്ടര മാസം യാത്ര ചെയ്ത് ടിബറ്റിലെത്തിയ അദ്ദേഹം കണ്ടത് ഒരു ചെറിയ ഗുഹയിൽ ഭാര്യയും മക്കളുമൊത്ത് ജീവിയ്ക്കുന്ന രാം മോഹന ബ്രഹ്മചാരിയെയാണ്.

ഏഴര വർഷം അദ്ദേഹം അവിടെ താമസിച്ചു. ഏതാണ്ട് മൂവായിരത്തോളം ആസനങ്ങൾ അവിടെ വച്ച് അദ്ദേഹം അഭ്യസിച്ചു എന്നാണ് പറയുന്നത്. രാം മോഹന ബ്രഹ്മചാരി ഗൂർഖാ ഭാഷയിലുള്ള യോഗഗിരന്തം (യോഗഗ്രന്ഥം) എന്ന കൃതി കൃഷ്ണമാചാരിയെ മനഃപ്പാഠം പഠിപ്പിയ്ക്കുകയും ആ ഗ്രന്ഥത്തിന്റെ പഠനത്തോടെ പതഞ്ജലീ മഹർഷിയുടെ യോഗസൂത്രം വ്യക്തമായി മനസ്സിലായി എന്നുമാണ് കൃഷ്ണമാചാരി പറയുന്നത്.

തിരികെ വന്ന് വാരണാസിയിൽ ജീവിച്ചിരുന്ന കൃഷ്ണമാചാര്യയെ മൈസൂറിലെ രാജാവ് പുള്ളിയ്ക്കുണ്ടായ എന്തോ ഒരസുഖം യോഗ ചെയ്ത് മാറിയെന്ന് കണ്ട് അദ്ദേഹത്തേയും കുടുംബത്തേയും യോഗാഭ്യാസം ശീലിപ്പിയ്ക്കുവാൻ മൈസൂരിലേയ്ക്ക് ക്ഷണിച്ചു. മൈസൂരിൽ വച്ച് രാജസഭയിലെ ആസ്ഥാന വിദ്വാൻ എന്ന പദവി വരെ അദ്ദേഹത്തിനു ലഭിച്ചു. മൈസൂർ സംസ്കൃത കോളേജിൽ അധ്യാപകനുമായി. (കൃഷ്ണമാചാരി യോഗവിദ്വാൻ എന്നതിലുപരി സംസ്കൃത, ഭാരതീയ തത്വചിന്താ വിദ്വാനായിരുന്നു)

അല്ലാതെ അദ്ദേഹം യുജെൻ സാൻഡോവിന്റെ വ്യായാമരീതികളല്ല യോഗാഭ്യാസമായി പഠിപ്പിച്ചത്. സ്വന്തം അച്ഛനിൽ നിന്ന് കുട്ടിക്കാലത്തേ ശീലിച്ചതും രാം മോഹന ബ്രഹ്മചാരിയിൽ നിന്ന് അഭ്യസിച്ചതുമാണ് കൃഷ്ണമാചാര്യയുടെ യോഗാഭ്യാസം.

ഈ യൂജെൻ സാൻഡോവിന്റെ രീതികളെന്താരുന്നു എന്ന് കൂടി നോക്കിയാൽ യോഗാഭ്യാസവും സാൻഡോവും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധമില്ല എന്ന് യേത് അൽപ്പമാത്രവിവരനും വ്യക്തമായി മനസിലാകും. എന്തായിരുന്നു യൂജെൻ സാൻഡോവിന്റെ വ്യായാമപദ്ധതി? ഇതാ വായിച്ചോ

ഒരു സാമ്പിൾ
Take a dumb-bell in each hand, and come to the position of attention, as described in the opening sentences in the introduction to these exercises. Now, bend the knees slightly, and turn the inner side of the arms full to the front....

വേറൊരു സേമ്പിൾ
My faith is pinned to dumbbells, and I do all my own training with them, supplemented with weightlifting with barbells

ഇനിയും
Variation in the training program brings best results. Don’t train every day, skip a day now and then to give the muscles time to thoroughly rest and to give nature the opportunity to rebuild them and add to...

സാൻഡോ നല്ല ഒന്നാന്തരം ഡമ്പലിന്റെ ആളായിരുന്നു. അതായത് വെയിറ്റ് ട്രെയിനിങ്ങ്. അത് യോഗാഭ്യാസമെന്ന് പറയാൻ ചില്ലറ കൺകെട്ടൊന്നും പോര.
Eugen Sandow, "Body Building" Wellcome L0026308.jpg

(യൂജെൻ സാൻഡോ)

പക്ഷേ ഒരു കാര്യം പറയണം യൂജെൻ സാൻഡോ ആളൊരു കിടിലമാരുന്നു. വെയിറ്റ് ട്രെയിനിങ്ങിനും ശരീര നിർമ്മണകലയ്ക്കും പുള്ളിയാണ് ഉസ്താദ്. (ഇത് പറഞ്ഞത് വായിച്ച് നാളെയെങ്ങാൻ എനിയ്ക്ക് ഫോർമുല വണ്ണിൽ ഫസ്റ്റ് കിട്ടിയാൽ എന്നെ കാറോടിയ്ക്കാൻ പഠിപ്പിച്ചത് യൂജെൻ സാൻഡോ ആണെന്ന് പറയണം കേട്ടാ.)

കൃഷ്ണമാചാര്യയാണ് ഹിമാലയത്തിലെ ഗുഹകളിലും സന്യാസിമാരിലും കൾട്ടുകളിലുമൊക്കെ ഒളിച്ചിരുന്ന യോഗാഭ്യാസത്തെ ഇൻഡ്യൻ പൊതുജനത്തിലേയ്ക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ ശിഷ്യന്മാരും മക്കളുമാണ് അതിനെ വിദേശത്ത് കയറ്റിയയച്ചത്. ഈ വിദേശത്തേക്കുള്ള കയറ്റിയയയ്ക്കലിലും പ്രചരിപ്പിയ്ക്കലിലും പല ടെക്നിക്കും പയറ്റിയിട്ടുണ്ട്.നല്ല ഒന്നാം ക്ലാസ് മാർക്കറ്റിങ്ങ്. കൃഷ്ണമാചാര്യയുടെ ഭാര്യാ സഹോദരനും ശിഷ്യനുമായ ബീ കേ എസ് അയ്യങ്കാർ എന്ന ആധുനിക യോഗ ഗുരു ചിരിച്ച് കൊണ്ട് അദ്ദേഹം ഉപയോഗിച്ച ഒരു ടെക്നിക്ക് ഒരു ഇന്റവ്യൂവിൽ പറയുന്നത് , ഒരുപാട് കാലം യോഗ പഠിപ്പിയ്ക്കാൻ ഇംഗ്ലണ്ടിൽ കഴിഞ്ഞിട്ടും ആരും പഠിയ്ക്കാൻ വരാതായപ്പൊ അവസാനം രതിസുഖം വർദ്ധിപ്പിയ്ക്കും എന്ന് പരസ്യം ചെയ്തപ്പോഴാണ് ജനം പഠിയ്ക്കാൻ വന്നതെന്നാണ്.

യോഗയുടെ ഉത്ഭവത്തെപ്പറ്റിയും മറ്റും പടച്ചു വിട്ട ഒരു പ്രൊപ്പഗാണ്ടാ സാഹിത്യത്തിന്റെ രചയിതാവ് ലൈബ്രറികളിൽ ഒരുപാട് കാലം തിരഞ്ഞിട്ടും യോഗാഭ്യാസത്തിലെ ഇന്നുപയോഗിയ്ക്കുന്ന എല്ലാ ആസനങ്ങളും വിശദീകരിയ്ക്കുന്ന പുസ്തകങ്ങളൊന്നും കിട്ടിയില്ല അതുകൊണ്ടാണ് നമ്മൾ യൂജെൻ സാൻഡോയെ തേടിപ്പോയത് എന്ന് വിഷമത്തോടെ അറിയിച്ചിട്ടുണ്ട്.

ഇൻഡ്യയിലെ പൗരാണിക വ്യായാമരൂപങ്ങളുടെ വാമൊഴിപ്പഴമയെപ്പറ്റിയോ പ്രയോഗങ്ങളെപ്പറ്റിയോ അതിനു ചുറ്റുമുള്ള ഗുഹ്യതയെപ്പറ്റിയോ അൽപ്പം പോലും അറിയാൻ ശ്രമിയ്ക്കാതെയാണ് ലൈബ്രറികളിൽ പരതിയതെന്നതിൽ സംശയം വേണ്ട. ശ്രദ്ധിയ്ക്കാതെയല്ല മനഃപ്പൂർവമാണെന്നതിനും ചില സംശയങ്ങളുമുണ്ട്. ഋഷികേശത്തിനപ്പുറത്തേക്കോ, ഹഠയോഗീഗ്രൂപ്പുകളിലോ, എന്തിനു കുറഞ്ഞ പക്ഷം നാഗാ സന്യാസിമാരിലെങ്കിലുമോ ഒന്ന് ചെന്ന് തിരക്കിയിരുന്നെങ്കിൽ അവർ പറഞ്ഞ് തന്നേനേ.

ഇനി പൗരാണിക ഗ്രന്ഥങ്ങളിലൊന്നും പതിനഞ്ച് ആസനങ്ങൾക്കപ്പുറത്ത് പറഞ്ഞിട്ടില്ലേ? അവിടെയാണ് നമുക്ക് വീണ്ടും മൈസൂരിലേയ്ക്ക് വരേണ്ടത്. കൃഷ്ണമാചാര്യയുടെ രക്ഷാകർത്താവായിരുന്ന കൃഷ്ണരാജ വോഡിയാർ നാലാമനു വളരെ മുൻപ് മൈസൂർ ഭരിച്ചിരുന്ന കൃഷ്ണരാജവോഡിയാർ മൂന്നാമൻ ഉണ്ടാക്കിയ ശ്രീ തത്വനിധി എന്ന ചിത്രപുസ്തകത്തിൽ 122 ആസനങ്ങൾ വരച്ച് ചേർത്തിട്ടുണ്ട്. യൂജെൻ സാൻഡോ ഒക്കെ ജനിയ്ക്കുന്നതിനും മുന്നേ പതിനെട്ടാം നൂറ്റാണ്ടിലായിരിയ്ക്കണം അത് ഉണ്ടാക്കിയത്. അന്ന് വരെ ദക്ഷിണേന്ത്യയിൽ നിലവിലിരുന്ന ബിംബങ്ങളുടെയെല്ലാം ചിത്രങ്ങൾ ഉണ്ടാക്കുകയും വിശദമായ ഡിസ്ക്രിപ്ഷൻ നൽകുകയുമായിരുന്നു ശ്രീ തത്വ നിധിയുടെ ഉദ്ദേശം.

അതായത് ശ്രീ തത്വനിധി എന്നത് ഒരു ഡൊക്യുമെന്റേഷൻ പദ്ധതിയായിരുന്നു. സ്വതന്ത്ര കൃതിയല്ല. അന്നു വരെ നിലനിന്നിരുന്ന പൗരാണിക ബിംബങ്ങളെ ചിത്രകല ഉപയോഗിച്ച് ഡോക്യുമെന്റ് ചെയ്യുക. (Iconographic manuscript) അക്കൂട്ടത്തിൽ ഇരുന്നും കിടന്നും ഒക്കെ ചെയ്യുന്ന ആസനങ്ങൾ മാത്രമല്ല, ഇന്നും വളരെയധികം ആളുകളാൽ ശ്രദ്ധിയ്ക്കപ്പെടാതെ കിടക്കുന്ന, സാമ്പ്രദായികമായി ഭാരതത്തിൽ നിലനിൽക്കുന്ന, കയറിൽ തൂങ്ങി ചെയ്യുന്ന യോഗാഭ്യാസങ്ങളും അതിൽ വിവരിച്ചിരിയ്ക്കുന്നു. ഉത്തരേന്ത്യയിലെ ചില അഖാഡകളിലും മറ്റും ഇന്നും അത് പരിശീലിയ്ക്കപ്പെടുന്നുണ്ട്.ഈ ചിത്രങ്ങളെല്ലാം അന്ന് പാരമ്പര്യമായി ചെയ്ത് വന്നിരുന്നതിനെ ആധാരപ്പെടുത്തി ഉണ്ടാക്കിയതെന്നോർക്കണം.  

മൈസൂർ കൊട്ടാരത്തിൽ താമസിച്ചു വരുന്ന സമയത്ത് കൃഷ്ണമാചാര്യ ഇതിൽ നിന്നും ആസനങ്ങൾ തന്റെ പാഠ്യപദ്ധതിയിൽ ചേർത്തിരുന്നു എന്ന് ചിലർ പറയുന്നു. അതേ സമയം കൃഷ്ണമാചാര്യ ഒരിയ്ക്കലും യോഗാഭ്യാസം ഇൻവെന്റ് ചെയ്തിട്ടില്ല. വേറേയാരുടേയും രീതികൾ ഉപയോഗിച്ചിട്ടില്ലെന്നും  രീതികളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല എന്ന് അദ്ദേഹവും ശിഷ്യന്മാരും പറയുന്നു.


(ശ്രീ തത്വനിധിയിലെ ഒരു പേജ്. പാശ്ചാത്യ
Contortion ൽ നിന്ന് കോപ്പിയടിച്ചതെന്ന് ആരോപിയ്ക്കപ്പെട്ട ആസനങ്ങളെല്ലാം അതുപോലെ ശ്രീതത്വനിധിയിലുണ്ട്)


യോഗാഭ്യാസത്തിന്റെ ചരിത്രം തിരക്കിയവർ അവസാനം അതിനെ വളരെ കഷ്ടപ്പെട്ട് ഇംഗ്ളീഷ് ജിംനാസ്റ്റിക്സിൽ കൊണ്ടുക്കെട്ടാൻ കിണഞ്ഞ് പരിശ്രമിയ്ക്കുകയാണ്. എന്തിനാണ് ഇംഗ്ളീഷ് ജിംനാസ്റ്റിക്സ്? കളരിപ്പയറ്റിന്റെ ചുവടുകളിലോ, മല്ലയുത്തത്തിന്റെ ('മല്ലയുദ്ധം' അല്ല) പരിശീലന രീതികളിലോ, വജ്രമുഷ്ഠി മുതൽ സിലമ്പം വരെയുള്ള ഭാരതീയ യുദ്ധമുറകളിലോ നോക്കിയാൽ തൊണ്ണൂറല്ല തൊണ്ണൂറായിരം പോസ്ചേഴ്സ് നിങ്ങൾക്ക് കിട്ടും. അതൊന്നും എവിടേയും എഴുതപ്പെട്ടിട്ടുമില്ല. കളരിപ്പയറ്റിന്റെ വായ്ത്താരികൾ എവിടെയെങ്കിലും എഴുതിയിട്ടിട്ടുണ്ടോ? ഇല്ലെന്ന് വച്ച് ആദ്യത്തെ പുസ്തകം 1900 ലാണ് എഴുതിയതെന്നാൽ കളരിയ്ക്ക് നുറു കൊല്ലത്തെ പഴക്കമേയുള്ളോ?

അതിനു കഷ്ടപ്പെട്ട് 1700 കൾ മുതലിവിടെ വന്ന ഇംഗ്ളീഷുകാരന്റെ കോണകം തിരക്കണ്ട. പക്ഷേ ചിലർ തിരക്കും കാരണങ്ങൾ പലതാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് എന്ന് കണ്ടാൽ ഏത് പിയർ റിവ്യൂഡ് ജേർണലിനും അപ്പുറമാണെന്നാണു ശരാശരി അക്കാഡമിയയുടെ വിചാരം. മറ്റൊന്ന് സായിപ്പിനു മാത്രമേ നല്ലതെന്തും ഉണ്ടാക്കാനാവൂ എന്ന മാനസിക അടിമത്തവും.

എന്താണ് യോഗയുടെ പ്രത്യേകത?

യോഗ പോലെയുള്ള വ്യായാമരീതിയുടെ വലിയൊരു പ്രത്യേകതയായി ഞാൻ കാണുന്നത് അതിലെ മൈൻഡ്ഫുൾനെസ്സ് ആണ്. പ്രാക്ടീസ് ചെയ്യുന്ന ഓരോ നിമിഷത്തിലും ഉള്ള അകമേയും പുറമേയും ഉള്ള അവബോധം. Mindfulness എന്നത് ഇന്ന് യോഗയെപ്പോലെ  ഭാരതീയ ധ്യാനരീതികളിൽ നിന്ന് ഉരുത്തിരിഞ്ഞ് ഇന്ന് ലോകമെമ്പാടും മാനസിക ശാരീരിക ആരോഗ്യരംഗത്ത് ഇന്ന് പലരീതിയിലും ഉപയോഗിയ്ക്കുന്ന സങ്കേതമാണ്. പല രീതിയിലുള്ള ഗവേഷണങ്ങളും അതിൽ നടക്കുന്നു. യോഗയുടേയും പ്രത്യേകത അത് ചെയ്യുമ്പോഴുള്ള Mindfulness തന്നെ. അതിന്റെ ഗുണഫലങ്ങളോടൊപ്പം വിവിധ തരത്തിലുള്ള സന്ധികളുടേയും പേശികളുടേയും അയവും ലാഘവത്തവും .

പലർക്കും പല വ്യായാമരീതികളാവും ഇഷ്ടം. എനിയ്ക്കിഷ്ടം ഓട്ടവും സൂര്യ നമസ്കാരവും വെയിറ്റ് ട്രെയിനിങ്ങുമാണ്.(ഒവ്വ!) ചിലർക്ക് യോഗ, ചിലർക്ക് എയ്രോബിക്സ്, പലതരം നൃത്തങ്ങൾ, യുദ്ധകലകൾ എന്നിവയും ശീലിയ്ക്കുന്നവരുണ്ട്. അവരവർക്ക് ചേരുന്നത് അവരവർക്ക്. ആരേയും ഒന്നും ന്നിർബന്ധിയ്ക്കേണ്ടതില്ല.

ഒപ്പം യോഗാഭ്യാസത്തിന്റെ പേരിൽ ഇന്ന് പ്രചരിയ്ക്കപ്പെടുന്ന ചികിത്സ. 99 ശതമാനവും ശുദ്ധ തട്ടിപ്പാണത്. പേശീ വലിവോ സന്ധി അയവോ ഒക്കെ വേണ്ടി വരുന്ന അസുഖങ്ങൾ, പ്രത്യേകിച്ച് നടുവേദന, സയാറ്റിക്ക ഒക്കെപ്പോലുള്ളവ ആണെങ്കിൽ യോഗ പോലെയുള്ള ചില ആസനങ്ങൾക്ക് ഗുണമുണ്ടാകും. ഏത് തരം വ്യായാമം നന്നായി ചെയ്താലും ടൈപ്പ് 2 ഡയബിറ്റീസ്, മറ്റു ജീവിതശൈലീ രോഗങ്ങൾ എന്നിവയ്ക്ക് മറ്റു ചികിത്സകൾക്കൊപ്പം പൂരകമാവും. പല രോഗങ്ങൾക്കും വ്യായാമം മറ്റു ചികിത്സകൾക്കൊപ്പം അനുബന്ധമായി ചെയ്യാം. യോഗാഭ്യാസമാവുമ്പൊ പ്രത്യേകിച്ച് സ്ഥലമോ, ചിലവോ, ചെറിയ ആയാസമില്ലാത്ത അഭ്യാസങ്ങളൊക്കെയായാൽ വലിയ ശക്തിയോ ബലമോ ഒന്നും ഇല്ലാത്തവർക്കും ചെയ്യാം എന്ന ഗുണമുണ്ട്. അസുഖത്തിനു ചികിത്സിയ്ക്കുന്നവരോട് ചോദിച്ച ശേഷം ചെയ്യുന്നതാവും എന്തായാലും ഉത്തമം. ചില അഭ്യാസങ്ങൾ രക്തസമ്മർദ്ദത്തിനൊക്കെ നല്ലതെന്ന് കേട്ടിട്ടുണ്ട്.

യോഗാഭ്യാസങ്ങൾക്ക് ദോഷഫലങ്ങളുണ്ടോ? ചില അഭ്യാസങ്ങൾക്ക് തീർച്ചയായുമുണ്ട്. ഒരുപാട് പേർ മരണപ്പെട്ടിട്ടു പോലുമുണ്ട്. പ്രത്യേകിച്ച് ശരീരം വല്ലാതെ വളച്ചോ കഴുത്തും മറ്റും ഒരു പരിധിയ്ക്കപ്പുറം തിരിച്ചോ ചെയ്യുന്ന അഭ്യാസങ്ങൾ. ബുദ്ധിമുട്ടിയോ വേദനിച്ചോ എത്ര എളുപ്പമെന്ന് തോന്നിയാലും അഭ്യാസങ്ങൾ ചെയ്യാതിരിയ്ക്കുന്നതാവും ഉചിതം.

അപ്പൊ യോഗാഭ്യാസങ്ങളുടെയും സൂര്യ നമസ്കാരത്തിന്റേയും ചരിത്രത്തിൽ പാശ്ചാത്യ ജിം‌നാസ്റ്റിക്സിനോ സർക്കസിനോ പൈതൃകമൊന്നും അവകാശപ്പെടാനില്ല എന്ന് നമ്മൾ വ്യക്തമായി കണ്ടു. അയ്യങ്കാർ ഇരുനൂറ് ആസനങ്ങളെപ്പറ്റി പറയുന്നു പതിനഞ്ചും പോയി ബാക്കി നൂറ്റി എൺപത്തഞ്ച് എവിടെ നിന്ന് വന്നു എന്ന ചോദ്യത്തിനും ഉത്തരം കിട്ടി. ഇനി കൃഷ്ണമാചാര്യ യഥാർത്ഥത്തിൽ കൃഷ്ണമാചാര്യ ആയിരുന്നില്ല കൃഷ്‌ അണ്ടർസ്കോർ ജാവ എന്നൊരു സ്മിത്ത് ആരുന്നു ഏഴരക്കൊല്ലം എവിടേയോ പോയി ഒളിച്ചിരുന്ന് ബ്രിട്ടീഷു സൈന്യം അദ്ദേഹത്തിനു MI 6 ൽ ട്രെയിനിങ്ങ് കൊടുത്ത ശേഷം രാം മോഹന ബ്രഹ്മചാരി എന്ന ഒരു കഥയുമായി വന്നതെന്ന് നമുക്ക് വാദത്തിനങ്ങ് വിശ്വസിയ്ക്കാം. എന്നാലും മൈസൂരിലെ കൊട്ടാരത്തിൽ ഇന്നും യഥാർത്ഥ മാനുസ്ക്രിപ്റ്റ് സൂക്ഷിച്ചിരിയ്ക്കുന്ന, രണ്ടാമത്തെ കോപ്പി മൈസൂരിലെ സർവകലാശാലയിൽ ഉള്ള ശ്രീ തത്വനിഥിയിലെ കൗതുനനിധിയിലെ 122 ആസനമുറകൾ ഏത് ബ്രിട്ടീഷുകാരൻ എഴുതിക്കൊടുത്തതാണ്? ഹിമാലയത്തിൽ ചുമ്മാ ഒന്ന് പോയാൽ അവിടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന സാധുക്കളുടെ (അത്ര സാധുക്കളൊന്നും അല്ലവർ :-) ) വാമൊഴി വഴക്കവും ബ്രിട്ടീഷ് സൈന്യം പഠിപ്പിച്ചതാവും.

എന്തിനാണ് ചിലർ പ്രൊപ്പഗാണ്ട ഇറക്കുന്നത്?

യോഗ ഇന്ന് കോടിക്കോടി രൂപയുടെ ബിസിനസാണ്. കൃഷ്ണമാചാര്യയുടെ മക്കളും ശിഷ്യന്മാരുമാണ് ഈ ബിസിനസിന്റെ തുടക്കക്കാർ. അതിൽ തെറ്റൊന്നുമില്ല. അവരവർ പതിറ്റാണ്ടുകളായി ശീലിയ്ക്കുന്ന വ്യായാമരീതി പ്രചരിപ്പിയ്ക്കുകയും അതിൽ നിന്നു വരുമാനമുണ്ടാക്കുകയും ചെയ്യുക എന്നത് നല്ല കാര്യം തന്നെ. അയ്യങ്കാർ ഒക്കെ അയ്യങ്കാർ യോഗ എന്ന പ്രത്യേക പേരിലാണ് അഭ്യാസങ്ങൾ പഠിപ്പിയ്ക്കുന്നത്. അയ്യങ്കാർ യോഗ എന്നത് പല നാടുകളിലും രജിസ്ട്രേഡ് വാണിജ്യനാമവുമാണ്.അപ്പോഴും പൗരാണികമായ വ്യായാമമുറകളെ ആരും പേറ്റന്റ് ചെയ്തിരുന്നില്ല. അയ്യങ്കാർ യോഗ കൃഷ്ണമാചാര്യയുടെ രീതിയേക്കാൾ അൽപ്പം വ്യത്യാസവുമുണ്ട്. അയ്യങ്കാർ ചെറിയ ഉപകരണങ്ങൾ, തുണിക്കഷണം കയർ ചരട് ഒക്കെ യോഗ പരിശീലിയ്ക്കാൻ ഉപയോഗിയ്ക്കും.   അമേരിയ്ക്കയിലും യൂറൊപ്പിലും ഇപ്പൊ ചിലരൊക്കെ വേറേ മാതിരി യോഗാഭ്യാസവും തുടങ്ങിയിട്ടുണ്ട്. ഡാൻസിങ്ങ് യോഗ, വോഗ, പവർ യോഗ മുതൽ ബോക്സിങ്ങ് യോഗ വരെ.

പക്ഷേ പതിയെ ചിലർ ആസനങ്ങൾ തന്നെ പേറ്റന്റ് ചെയ്യാനുള്ള പദ്ധതികൾ തുടങ്ങി.ഇത് ഞങ്ങൾ കണ്ടുപിടിച്ചാസനം, ഇത് ചേച്ചി കൊണ്ടൂപിടിച്ചാസനം എന്ന രീതിയിൽ, 2009 ലെ ഒരു വാർത്ത പ്രകാരം 130 പേറ്റന്റുകൾ യോഗയുമായി ബന്ധപ്പെട്ട് അമേരിയ്ക്കയിൽ അനുവദിച്ചിട്ടുണ്ട്.ബിക്രം യോഗ എന്ന പേരിൽ ഒരു സാറ് ഏതാണ്ട് 30 സെറ്റുകളോളം യോഗാഭ്യാസങ്ങളും പ്രാണായാമങ്ങളും അമേരിയ്ക്കയിൽ പേറ്റന്റ് ചെയ്തു. ഇത് കണ്ട് ഇൻഡ്യൻ സർക്കാർ CSIR ന്റെ Traditional Knowledge Digital Library (TKDL) യുടെ കീഴിൽ യോഗ സ്കൂളുകളുടെ സഹായത്തോടെ മുപ്പത്തഞ്ചോളം പൗരാണിക ഗ്രന്ഥങ്ങളിൽ നിന്ന് ഇന്ന് നിലവിലിരിയ്ക്കുന്ന യോഗാഭ്യാസങ്ങൾ എല്ലാം ക്രോഡീകരിയ്ക്കാനും ഡോക്യുമെന്റ് ചെയ്യാനുമുള്ള ത്വരിതഗതിയിലുള്ള നടപടികൾ തുടങ്ങി.  ആ ഡോക്യുമെന്റേഷൻ ലോകമെമ്പാടുമുള്ള പേറ്റന്റ് ഓഫീസുകൾക്ക് ലഭ്യമാക്കാനും അതിൽനിന്നുരുത്തിരിഞ്ഞ പേറ്റന്റുകളിൽ തീരുമാനമെടുക്കാനും ഇത് വഴിയൊരുക്കി. ഇത് ഭാരതത്തിന്റെ പൗരാണികമായ അറിവാണെന്നും അതിനെ പേറ്റന്റ് ചെയ്യാൻ ഒരാൾക്കും അധികാരമില്ലെന്നും ഉള്ള സിഗ്നൽ ഒരുപാട് പേർക്ക് സഹിച്ചില്ല. പ്രത്യേകിച്ച് ഈ ഞമ്മന്റെ യോഗയുണ്ടാക്കി ഫ്രാഞ്ചൈസികൾ തുടങ്ങാനിരുന്ന ഒരുപാട് സിംഗിൾട്ടനുകൾക്ക്.  ഈ യൂജെൻ സാൻഡോയും ജിംനാസ്റ്റിക്സും ബ്രിട്ടീഷ് വ്യായാമവും ഒക്കെ അതേത്തുടർന്നുണ്ടായ പ്രൊപ്പഗാണ്ടയാണ്.

പ്രൊപ്പഗാണ്ട അതുമാതിരിയാണ്. അതു കേട്ട് നമ്മൾ വിശ്വസിച്ചു പോകും. പ്രത്യേകിച്ച് പ്രാമാണികമായ ആധാരങ്ങൾ എല്ലാം പാശ്ചാത്യർ ഉണ്ടാക്കിയതാണെന്ന മിഥ്യാബോധവും ചിലരിലുള്ളപ്പൊ. ഒരു വലിയ കുഴപ്പം എന്തെന്നാൽ ഇന്നത്തെ ഈ സയൻസിന്റെ അല്ലെങ്കിൽ സയൻസിന്റെ പേരിലുള്ള പ്രൊപ്പഗാണ്ടയുടെ ഭാഷ ഇൻഡ്യയിലെ സയന്റിസ്റ്റുകൾക്ക് വഴങ്ങുന്നില്ല എന്നതാണ്. നമ്മൾ ഇൻഡ്യയിൽ ഉപയോഗിയ്ക്കുന്ന സയൻസ് ഭാഷയും രീതികളും ഒരു ഇരുപത്തഞ്ച് കൊല്ലം മുന്നേയുള്ളതാണ്. അതുകൊണ്ട് തന്നെ വളരെപ്പെട്ടെന്ന് നമ്മൾ പറയുന്നതെന്തും ചില ആധുനിക തർക്കവിദ്യാ ടെക്നിക്കുകളുപയോഗിച്ച് റെഫ്യൂട്ട് ചെയ്യാൻ അവർക്ക് കഴിയും. ഒരു മാസ്റ്റേഴ്സ് ഡിഗ്രി പഠിയ്ക്കുമ്പോൾ ഇവിടങ്ങളിൽ കൂടൂതൽ സമയവും (വിഷയം പഠിപ്പിയ്ക്കുന്നതിൽ ഇരട്ടി സമയം) എങ്ങനെ പേപ്പറെഴുതാം, എങ്ങനെ റഫറൻസ് വയ്ക്കാം, എങ്ങനെയാണ് സ്റ്റാസ്റ്റിസ്റ്റിക്കൽ അനാലിസിസ് ചെയണ്ടത്, എങ്ങനെ ക്രിട്ടിയ്ക്കൽ അനാലിസിസ് ചെയ്യാം എന്നൊക്കെയാണ് പഠിപ്പിയ്ക്കുന്നത്. ഫലം. അവർ തുമ്മിയതു പോലും പേപ്പറാ‍യി വരും. നമ്മുടെ വളരെ ജനുവിനായ റിസർച്ചും പേപ്പറാവൂല്ല. ആയാൽത്തന്നെ ഇൻഡ്യൻ സൊസൈറ്റിയുടെ ജേർണലിലോ മറ്റോ വരുകയേയുള്ളൂ. 

യോഗാഭ്യാസത്തിന്റെ (പോസ്ചറൽ യോഗ) ചരിത്രത്തെപ്പറ്റിഒരുവിധപ്പെട്ട ഫിസിക്കൽ സയൻസ് ജേർണലുകളിലെല്ലാം ഇപ്പൊ ഈ പ്രൊപ്പഗാണ്ട വച്ച് പേപ്പറുകളുണ്ട്. ഓക്സ്ഫോഡ് യൂണീവേഴ്സിറ്റി പ്രസ് പുസ്തകവും പ്രസിദ്ധീകരിച്ചു. മറ്റു പുസ്തകങ്ങൾ ആ ചുവട് പിടിച്ച് വേറേ. എല്ലാം ഇൻഡ്യാ ഗവണ്മെന്റിന്റെ മേൽപ്പറഞ്ഞ നിലപാടിനെ പൊളിയ്ക്കാനുള്ളതാണ്. ഇൻഡ്യയിൽ നിന്നാരെങ്കിലും അതിനു മറുപടി എഴുതുകയാണെങ്കിലോ? നമ്മൾ എപ്പോഴത്തേയും പോലെ വികാരപരമായും പാതഞ്ജലീ സൂത്രത്തിലും മറ്റും തുടങ്ങും, അവസാനം സായിപ്പ് പറയുന്നത് ശരിയെന്ന് വരും.

ഇതിന്റെ പിറകിലുള്ള വേറൊരു കാര്യം പോസ്ചറൽ യോഗ ഇപ്പൊ കുറേപ്പേർ ചേർന്നുണ്ടാക്കിയതാണ്. അതുകൊണ്ട് ആർക്കും അതുപോലെ ഉണ്ടാക്കിയിട്ട് അതിനെ യോഗ എന്ന് പറഞ്ഞ് വിറ്റഴിയ്ക്കാം എന്നുള്ള ബിസിനസ് തന്ത്രമാണ്.അതിനു നമ്മക്ക് കുഴപ്പമൊന്നുമില്ല. ആരോ എന്ത് തേങ്ങായോ വിറ്റോട്ടേ. അതിനേക്കാൾ വലിയ തട്ടിപ്പാണ് ഇതിന്റെ പേരിൽ ഇൻഡ്യയിൽ നടക്കുന്നത്. സാധാരണയായി യോഗ പഠിയ്ക്കാൻ ആഗ്രഹിയ്ക്കുന്നവർ പാരമ്പര്യമായി യോഗ പഠിപ്പിയ്ക്കുന്നു എന്നവകാശപ്പെടുന്ന സ്കൂളുകളാണല്ലോ തിരക്കിപ്പോവുക. അങ്ങനെയുള്ളവരെ തങ്ങളുടെ സ്മിത്ത് യൊഗ സ്കൂളിലേക്ക് കിട്ടണമെങ്കിൽ കൈവല്യാനന്ദ യോഗയുടെ പാരമ്പര്യം എന്ന വാദത്തെ പൊളിയ്ക്കണം. അതിനു കൃത്യമായ പ്രൊപ്പഗാണ്ട ഉണ്ടാക്കി പ്രചരിപ്പിയ്ക്കുക. ഇത് കോർപ്പറേറ്റ് വാർ തന്നെയാണ്. അതിനുപയോഗിയ്ക്കുന്നത് അക്കാഡമിയയേയും. അവരത് ചെയ്തോട്ടേ. പക്ഷേ അതിന്റെ പേരിൽ ഭാരതത്തിന്റെ ചരിത്രഭൂമികയുടെ ഒരു അംശത്തെ വികലപ്പെടുത്താൻ ശ്രമം നടക്കുമ്പൊ നമുക്ക് നോക്കിനിൽക്കാനാവില്ല.

സായിപ്പെഴുതുന്ന പുസ്തകം വായിച്ചാൽ മാത്രം യുക്തി ചലിയ്ക്കുന്നവർക്ക് സീ എസ് ഐ ആർ ഇതുകാരണം പിരിച്ച് വിടണമെന്ന് വാദിയ്ക്കാം. ഞമ്മക്ക് പറ്റൂല്ല. അതാണ് ആ യുക്തിയും ഈയുക്തിയും തമ്മിലുള്ള വ്യത്യാസം.

മാധ്യമപ്പോരാളി അൽപ്പം കൂടെ കടന്ന് ശ്രീ നാരായണ ഗുരു എഴുതിയ ഒരു പാരയുമായാണ് തുടക്കം. ശ്രീ നാരായണഗുരു അങ്ങനെയെന്നല്ല ആ രീതിയിലോ ഭാഷയിലോ ഒരക്ഷരവും എഴുതിയിട്ടില്ല. എന്നാൽ സഹോദരൻ അയ്യപ്പൻ അദ്ദേഹം കണ്ട ഒരു സംഭവം വിവരിച്ചിട്ടുണ്ട്. അത് അതേ പടി ഇവിടെ എഴുതാം.

"കളിയായി (അത്ഭുതകൃത്യങ്ങളെക്കുറിച്ച്) സ്വാമി പലപ്പോഴും സംസാരിച്ചതായി ഓർക്കുന്നുണ്ട്. സംഭവം കൃത്യമായി വിവരിയ്ക്കാനെനിയ്ക്ക് കഴിയുന്നില്ല. ഒരു ദിവസം യോഗാഭ്യാസത്തെക്കുറിച്ച് സ്വാമിയുടെ സാന്നിദ്ധ്യത്തിൽ ഞങ്ങൾ ചിലർ സംസാരിച്ചത് ഇപ്പോൾ ഓർക്കുന്നു. ഏറെക്കാലം യോഗാഭ്യാസം ശീലിച്ച ഒരു സന്യാസി അതിന്റെ ഗുണങ്ങൾ വിവരിച്ച് കൊണ്ടിരുന്നു. അഷ്ടൈശ്വര്യ സിദ്ധികളെക്കുറിച്ച് ആ സന്യാസി വിസ്തരിച്ച് പറഞ്ഞു. ഞങ്ങളിൽ ചിലർ അതെല്ലാം വെറും സങ്കൽപ്പങ്ങൾ മാത്രമാണെന്നും വാദിച്ചു. സ്വാമി പുഞ്ചിരിയോട് കൂടി അതെല്ലാം കേട്ടുകൊണ്ടിരുന്നതേയുള്ളൂ. സ്വന്തം വാദങ്ങൾ പലതും തെളിയിയ്ക്കാൻ കഴിയാതെ വന്നപ്പോൾ ചില പ്രത്യേക യോഗാസനങ്ങളുടെ ഗുണങ്ങളെക്കുറിച്ച് സന്യാസി സംസാരിച്ചു. ചില ആസനങ്ങൾ ശീലിച്ചാൽ നല്ല മലശോധനയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ സ്വാമി പറഞ്ഞ കമന്റ് ഇപ്പോഴും എനിയ്ക്കോർമ്മയുണ്ട്. : 'അതിന് ഇത്രയും ബുദ്ധിമുട്ടാതെ, സ്വൽപ്പം ആവണക്കെണ്ണ കഴിച്ചാൽ മതിയല്ലോ'

യോഗാഭ്യാസത്തിന്റെ നേർക്ക് സ്വാമിയ്ക്ക് പരിഹാസമായിരുന്നെന്ന് ഇതിനർത്ഥമില്ല.ഈ രിതിയിൽ രാമകൃഷ്ണപരമഹംസനും പറഞ്ഞിട്ടുള്ളതായി കേട്ടിട്ടുണ്ട്. ഒരു ഹഠയോഗി ഒരിയ്ക്കൽ അദ്ദേഹത്തെ സമീപിച്ചു. പതിനഞ്ച് കൊല്ലം ഹഠയോഗവിദ്യ അഭ്യസിച്ചതിന്റെ ഫലമായി തനിയ്ക്ക് പുഴയുടെ മീതെ നടക്കാൻ കഴിയുമെന്ന് ഹഠയോഗി പരമഹംസരോട് പറഞ്ഞു. അപ്പോൾ : 'അതിനിത്രയും ബുദ്ധിമുട്ടേണ്ടതില്ലല്ലോ, അരയണ കൊടുത്താൽ കടത്തുവഞ്ചിയിൽ അക്കരെ കടക്കാമായിരുന്നല്ലോ' എന്നദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞുവത്രേ "

(സഹോദരൻ, ശ്രീനാരായണഗുരു, പുറം 210)

യോഗാഭ്യാസത്തിന്റെ പൗരാണികതയ്ക്കും ഫലപ്രാപ്തിയ്ക്കും വേറൊരു തെളിവും വേണമെന്ന് തോന്നുന്നില്ല. :-)

(ചിത്രങ്ങൾക്ക് വിക്കീപ്പീഡിയയോടും മറ്റു ചില്ലറ ഒരുപാട് പീഡികകളോടും കടപ്പാട്. )

No comments:

Post a Comment