Sunday, October 18, 2015

സ്കാനിങ്ങും വൈദ്യ പടമെടുപ്പും (ഒന്നേ)

വളരെ പെട്ടെന്ന് നമുക്ക് സ്കാനിങ്ങിനെപ്പറ്റി പറയാം. വളരെപ്പെട്ടെന്ന് പറഞ്ഞില്ലെങ്കിൽ പറയുന്നതിനേക്കാൾ വേഗതയിൽ കള്ളത്തരങ്ങളിങ്ങെത്തും. വളരെപ്പെട്ടെന്ന് പഠിച്ചില്ലെങ്കിൽ എനിയ്ക്കൊന്നൂല്ല. മോഡേൺ മെഡിസിനെ എന്റെ സ്വന്തത്തിനും സ്വന്തക്കാർക്കും ഗുണം വരുന്ന രീതിയിൽ ഉപയോഗിയ്ക്കാൻ എനിയ്ക്കറിയാം :-)
എക്സ് റേ, സീ ടീ സ്കാൻ, അൾട്രാസൗണ്ട് സ്കാൻ, എം ആർ ഐ സ്കാൻ, ന്യൂക്ളിയർ മെഡിസിൻ സ്കാൻ എന്നിങ്ങനെ വൈദ്യ പടമെടുപ്പ് അഥവാ സ്കാനിങ്ങ് പല തരമുണ്ട്. ഓരോ തരത്തിലും ഉപയോഗിയ്ക്കുന്ന സാങ്കേതികവിദ്യ വ്യത്യസ്തമാണ് ആദ്യം നമുക്ക് എക്സ് റേ എന്തുവാന്ന് നോക്കാം.


എക്സ്രേ എന്നത് വളരെ ശക്തിയേറിയ ഫോട്ടോണുകൾ ആണ്. ഇലക്ട്രോ മാഗ്നറ്റിക് സ്പെക്ട്രം അത്യാവശ്യം എല്ലാവർക്കും ഓർമ്മയുണ്ടായിരിയ്ക്കുമല്ലോ. റേഡിയോ വികിരണം, മൈക്രോവേവ് വികിരണം, ഇൻഫ്രാ റെഡ് വികിരണം, കണ്ണു കൊണ്ട് കാണുന്ന പ്രകാശം, അൾട്രാ വയലറ്റ് പ്രകാശം, എക്സ്രേ, ഗാമാ റേ ഒക്കെ ഇലക്രോ മാഗ്നറ്റിക് വികിരണങ്ങളാണ്. അതിൽ അൾട്രാ വയലറ്റിനേക്കാൾ ആവൃത്തി കൂടിയ ഫോട്ടോണുകളാണ് എക്സ് റേ. പ്രകാശം ഗ്ളാസിലൂടെ കടന്നു പോകുന്നത് പോലെ എക്സ് റേയ്ക്ക് നമ്മുടെ ശരീരത്തിലൂടെ കടന്നു പോകാൻ കഴിയും. അതായത് എക്സ് റേയെ സംബന്ധിച്ചിടത്തോളം നമ്മുടെ ശരീരം അർദ്ധതാര്യമായ ഒരു സംഭവമാണ്. ഒരു സാദാ തുണി, ശക്തിയുള്ള ഒരു എക്സ് റേക്ക് സുതാര്യമെങ്കിൽ റ്റംഗ്സ്റ്റൺ, ലെഡ് തുടങ്ങിയ വസ്തുക്കൾ എക്സ് റേയ്ക്ക് അതാര്യമാണ്. 

ഇലക്ട്രോൺ ഡെൻസിറ്റി (ഒരു പ്രത്യേക സ്ഥലത്തെ ഇലക്ട്രോണുകളുടെ സാന്ദ്രത) കൂടുന്നതിനനുസരിച്ചാണ് എക്സ് റേയ്ക്ക് ഒരു വസ്തു അതാര്യമാകുന്നതെന്ന് പൊതുവായി പറയാം. അറ്റോമിക സംഖ്യ കൂടിയാൽ പൊതുവേ ഇലക്ട്രോൺ സാന്ദ്രതയും കൂടും. അതായത് ഹൈഡ്രജൻ, ഹീലിയം, ലിഥിയം കാർബൺ, ഓക്സിജൻ, നൈട്രജൻ ഒക്കെ എക്സ്രേക്ക് സുതാര്യമായതോ അർദ്ധതാര്യമായതോ ആയിരിയ്ക്കും പക്ഷേ ടംഗ്സ്റ്റൺ, ലെഡ്, പൊതുവേ ലോഹങ്ങൾ എല്ലാം എക്സ്രേയ്ക്ക് അതാര്യമായിരിയ്ക്കും.(ഒന്ന് അതാര്യമെന്നോ സുതാര്യമെന്നോ അബ്സല്യൂട്ട് ആയി പറയാൻ പറ്റുകയില്ല എന്ന് വ്യക്തമാണല്ലോ. എക്സ് റെയുടെ ശക്തി (എനർജി) അനുസരിച്ച് അതാര്യമാക്കേണ്ടി വരുന്ന സാധനത്തിന്റെ അളവും കൂടും. ഒരു എൽ ഈ ഡിയുടെ ചെറിയ ശക്തിയുള്ള പ്രകാശം ഒരു പേപ്പർ വച്ചാൽ മറയുമെങ്കിൽ 100 വാട്ട് ബൾബിന്റെ പ്രകാശം മറയ്ക്കുവാൻ നമുക്ക് നല്ല കട്ടിപ്പേപ്പർ വേണം എന്ന് വളരെ ലളിതയായി എന്നാൽ പൂർണ്ണമായും ശാസ്ത്രീയമല്ലാതെ പറയാം)

ഈ വീഡിയോ നോക്കുക



നമ്മുടെ ശരീരത്തിൽ കൊഴുപ്പ്, മാംസം, രക്തം, എല്ലുകൾ ഒക്കെയാണല്ലോ ഉള്ളത്. എക്സ്രേയ്ക്ക് കൊഴുപ്പ് ഏതാണ്ട് സുതാര്യമായ വസ്തു തന്നെയാണ്.കാരണം അതിന്റെ സാന്ദ്രത കുറവെന്ന് മാത്രമല്ല അതിൽ കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നൊക്കെയുള്ള അറ്റൊമിക സംഖ്യ കുറഞ്ഞ മൂലകങ്ങളേ ഉള്ളൂ. മാംസം അൽപ്പം കട്ടി കൂടുതലാണ്. രക്തക്കട്ട അതിലും കട്ടി കൂടിയതാണ്, എല്ലുകൾ എക്സ്രേയ്ക്ക് ഏതാണ്ട് അതാര്യമെന്ന് തന്നെ പറയാം. കാരണം അതിൽ കാൽസ്യം ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങളുണ്ടെന്ന് മാത്രമല്ല ആപേക്ഷിക സാന്ദ്രതയും എല്ലുകൾക്ക് കൂടുതലാണ് . ഈ വ്യത്യാസമാണ് എക്സ്രേ പടം എടുക്കാൻ നമ്മൾ ഉപയോഗിയ്ക്കുന്നത്. 


(A എന്നത് അസുഖമൊന്നുമില്ലാത്ത നെഞ്ചിന്റെ എക്സ് റേ, B എന്നത് ന്യൂമോണീയ ബാധിച്ച ശ്വാസകോശം)


മുകളിലെ ചിത്രം നോക്കുക. നമ്മളൊരു നെഞ്ചിന്റെ എക്സ് റേ എടുക്കുമ്പോൾ ഈ നെഞ്ചിലെ വാരിയെല്ലുകൾ വളരെക്കുറച്ച് എക്സ് റേയെ മാത്രം കടത്തിവിടുന്നു. മാംസത്തിലൂടെ അൽപ്പം കൂടുതൽ എക്സ്രേയും അതിനു ചുറ്റുമുള്ള കൊഴുപ്പിലൂടെ അതിലും കുടുതൽ എക്സ്രെയും കടന്നു പോകുന്നു. എന്നാൽ വായു നിറഞ്ഞ ശ്വാസകോശത്തിലൂടെ (സ്വാസകോസം സ്പോഞ്ച് പോലെയാണ്!! :-‌) ) ഏതാണ്ട് മുഴുവൻ എക്സ് റേയും കടന്നു പോകുന്നു. ആ കടന്ന് പോകുന്നതിന്റെ പിറകിൽ ഒരു ഫിലിം വച്ചാൽ അത് ഡെവലപ്പ് ചെയ്തെടുക്കുമ്പോൾ (ഇന്ന് മിക്കവാറും എല്ലായിടത്തും ഫിലിമിനു പകരം ഡിജിറ്റൽ സെൻസറുകളാണ് ഉപയോഗിയ്ക്കുക) എല്ലുകൾ വെള്ള നിറമായും എക്സ് റേ മുഴുവനായും കടത്തിവിട്ട വായു നിറഞ്ഞ ശ്വാസകോശം കറുത്തും മാംസം ചാരക്കളറിലും കാണും.
ഇനി എക്സ് റേ എങ്ങനെയാണ് ഉണ്ടാക്കുന്നത്? വളരെ ശക്തിയായി ഇലക്ട്രോണുകളെ ഓടിച്ച് വിട്ട് പെട്ടെന്ന് അറ്റോമിക സംഖ്യ കൂടിയ ഒരു ലോഹക്കട്ടയിൽ (ടംഗ്സ്റ്റൺ, മോളിബ്ഡിനം അതിന്റെയൊക്കെ ലോഹസങ്കരങ്ങൾ) ഇടിപ്പിയ്ക്കുമ്പോൾ ആ ഇലക്ട്രോണുകളുടെ ഓടാനുള്ള ശക്തി (kinetic energy) ഫോട്ടോണുകളും (എക്സ് റേ) ചൂടും (ഇൻഫ്രാറെഡ്) ആയി മാറുന്നു.

ഈ ഇലക്ട്രോണുകളെ എങ്ങനെ ഉണ്ടാക്കും? ഇലക്ട്രോണുകളെ ഒരു ചെറിയ ടംഗ്സ്റ്റൺ ഫിലമെന്റിനെ ചൂടാക്കി ഉണ്ടാക്കാം, പക്ഷേ അവരെ എങ്ങനെ വലിയ സ്പീഡിൽ ഓടിപ്പിയ്ക്കും? അതിനാണ് വൈദ്യുതി. 
ഇലക്ട്രോണുകൾക്ക് നെഗറ്റീവ് ചാർജ് ഉണ്ടെന്നറിയാമല്ലോ. ആ ടംഗ്സ്റ്റൺ കട്ടയിൽ ആയിരക്കണക്കിനു വോൾട്ടത ശക്തിയുള്ള പോസിറ്റീവ് ചാർജ് കൊടുക്കും. ഇലക്ട്രോൺ ഉണ്ടാക്കുന്ന ഫിലമെന്റ് നെഗറ്റീവ് ചാർജുള്ള കാഥോഡ് ആയും വലിയ സ്പീഡിൽ വന്നിടിയ്ക്കേണ്ട ലോഹക്കട്ട ആനോഡായും ഒരു സിസ്റ്റം ഉണ്ടാകും. എത്ര വൈദ്യുതി വേണം അങ്ങനെ എക്സ് റേ ഉണ്ടാക്കാൻ?  പതിനായിരക്കണക്കിനു വോൾട്ട് പൊട്ടൻഷ്യൽ ഡിഫറൻസ് ആനോഡും കാഥോഡും തമ്മിൽ വേണം. 




ഒരു എക്സ് റേ ട്യൂബ് ആണീ കാണുന്നത്. സാദാ ബൾബ് കത്തുന്നത് 120-240 വോൾട്ടതയുള്ള വൈദ്യുതിയിൽ ആണെന്നാലോചിച്ചാൽ സാദാ എക്സ് റെ റ്റ്യൂബിൽ കഥോഡിനും ആനോഡിനും ഇടയിൽ പതിനായിരം മുതൽ ഒരുലക്ഷം വരെയോ അതിലും കൂടുതലോ വോൾട്ടേജ് ഉള്ള വൈദ്യുതി പ്രയോഗിയ്ക്കും (പത്ത് കിലോ മുതൽ  നൂറു കിലോ വോൾട്ട്, ചിലപ്പൊ അതിലും കൂടുതൽ. 10kV to 100kV) ആ ശക്തിയേറിയ പൊട്ടൻഷ്യൽ ഡിഫറൻസിൽ നെഗറ്റീവ് ചാർജിന്റെ ആകർഷണം മൂലം ഇലക്ട്രോണുകൾ അത്രയും വേഗതയിൽ വന്ന് ആ ടംഗ്സ്റ്റൺ കട്ടയിൽ ഇടിയ്ക്കും. എക്സ് റേ ഉണ്ടാകും. കൂടെ ഒരുപാട് ചൂടും. ഈ എക്സ് റെ ട്യൂബും എക്സ് റേ ഉണ്ടാകുമ്പോൾ കൂടെ ഉണ്ടാകുന്ന അതി ശക്തമായ ചൂട് കുറയ്ക്കാൻ ഉള്ള, തണുപ്പിയ്ക്കാനുള്ള സാങ്കേതികതകളും, എക്സ് റേ ഉണ്ടാക്കാനാവശ്യമായ വളരെവലിയ വോൾട്ടത (Voltage) വളരെക്കുറച്ച് സമയത്തേക്ക് ഉണ്ടാക്കാൻ പോന്ന ട്രാൻസ്ഫോർമറും എല്ലാം ചേർന്നതാണ് നിങ്ങൾ ആശുപത്രിയിൽ കാണുന്ന എക്സ് റേ മെഷീൻ.

ഈ വീഡീയോ നോക്കുക.




ഈ എക്സ് റേ ഉപയോഗിച്ചാണ് എക്സ് റേ ചിത്രങ്ങൾ എടുക്കുന്നത്. ഫ്ളൂറോസ്കൊപ്പി, ആൻജിയോഗ്രഫി, ഒക്കെ ഇതേ എക്സ് റെ തന്നെയാണ്. 

ആൻജിയോഗ്രഫി വളരെ സിമ്പിളാണ് പവർഫുൾ..അതായത് നമ്മൾ നേരത്തേ പറഞ്ഞല്ലോ അറ്റോമിക നമ്പർ കൂടിയ വസ്തുക്കളിലൂടെ എക്സ് റേ കടന്ന് പോകില്ലെന്ന്. നമ്മൾ ഞരമ്പുകളിലേക്ക് അറ്റോമികനമ്പർ കൂടിയ അയഡിൻ കലർന്ന ചില മരുന്നുകൾ കടത്തിവിടും. ആ മരുന്നുകൾ കടന്ന് പോകുന്ന ഇടങ്ങളിൽ ഉള്ള ഞരമ്പുകൾ വ്യക്തമായും കൃത്യമായും കാണാൻ കഴിയും. വളരെ നേരിയ ഞരമ്പുകൾ പോലും കാണാം. മാത്രമല്ല അവിടെ എക്സ്രേ എടുക്കാൻ ഡിജിറ്റൽ സെൻസറുകളാണ് ഉപയോഗിയിക്കുക. നമ്മുടെ കാമറയിലെ സെൻസറുകൾ പോലെ എക്സ് റേ സെൻസർ ചെയ്യുന്ന ഡിജിറ്റൽ സെൻസറുകൾ. അപ്പോൾ അതിനെ ഒരു വീഡിയോ ആയും കാണാൻ കഴിയും. പോസ്റ്റ് പ്രൊസസിങ്ങ് നടത്താൻ കഴിയും. (അതന്നെ ഫോട്ടോഷോപ്പ്. ഇത് വായിച്ചിട്ട് എക്സ്രേ പടങ്ങൾ ഫോട്ടോഷോപ്പ് നടത്തി എന്ന് ആരോപിച്ച് കളയും മോഹനന്മാർ) ഇതാ ഹൃദയത്തിൽ രക്തമെത്തിയ്ക്കുന്ന ഒരു രക്തക്കുഴലിന്റെ എക്സ്രേ ചിത്രം (മലയാളത്തിപ്പറഞ്ഞാ കൊറോണറീ ആൻജിയോഗ്രഫി. ശബ്ദാർത്ഥം: കൊറോണറീ എന്ന് പറഞ്ഞാ ഹൃദയത്തിലെ രക്തക്കുഴലുകളെ സംബന്ധിയ്ക്കുന്നത്, ആൻജിയോ= രക്തക്കുഴലുകൾ, ഗ്രഫി=പടം പിടിയ്ക്കൽ)



ഇവിടെ എന്താണു ചെയ്യുന്നതെന്ന് വച്ചാൽ തുടയിലെ രക്തക്കുഴലിൽ ഒരു ചെറിയ തുളയിടും. അതിൽക്കൂടി ഒരു കുഞ്ഞ് കുഴൽ കടത്തി അത് ഹൃദയത്തിൽ രക്തമെത്തിയ്ക്കുന്ന പ്രധാന രക്തക്കുഴലിന്റെ ചുവട്ടിൽ വരെ എത്തിയ്ക്കും. എന്നിട്ട് ആ കുഴലിലൂടെ അൽപ്പം അയഡിൻ കോണ്ട്രാസ്റ്റ് മരുന്ന് കുത്തിവയ്ക്കും. അപ്പോൾ ആ കോണ്ട്രാസ്റ്റ് പോകുന്ന വഴിയിലെല്ലാം രക്തക്കുഴലിനെ തെളിഞ്ഞ് കാണാം. എവിടെയെങ്കിലും രക്തക്കുഴലിൽ അടവോ രക്തക്കുഴലുകളുടെ അകവശം ചെറുതാവുകയോ മറ്റോ ഉണ്ടെങ്കിൽ അത് വ്യക്തമായി കാണുകയും വേണമെങ്കിൽ അപ്പോൾത്തന്നെ അത് പരിഹരിയ്ക്കാൻ വേണ്ട വിദ്യകൾ (ആ ഭാഗത്ത് കുഴൽ കൊണ്ട് പോയി ആ അടവിന്റെ അവിടെ സ്റ്റെന്റ് വച്ച് അത് തുറക്കുക അല്ലെങ്കിൽ അവിടെ ഒരു കുഞ്ഞ് ബലൂൺ കൊണ്ട് പോയി വീർപ്പിച്ച് രക്തക്കുഴലിലെ അടവ് നീക്കി അത് വലുതാക്കുക എന്നിങ്ങനെ) നടത്താം. മേൽക്കാണിച്ച വീഡിയോയിൽ രക്തക്കുഴലുകൾ, അതിൽ കോണ്ട്രാസ്റ്റ് കുത്തി വയ്ക്കുന്നത്, അത് ഹൃദയ പേശികളിലേക്ക് പോകുന്നത്, ഹൃദയമിടിപ്പ് ഒക്കെ വ്യക്തമായി കാണുന്നത് എല്ലാർക്കും കാണാമല്ലോ. (കാണുന്നുണ്ടല്ല് അല്ലേ)

എക്സ് റേ വച്ച് ഇനി ചെയ്യുന്നത് സീ ടീ സ്കാനിങ്ങാണ്. സീ ടീ എന്നാൽ കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രഫി. അതും വളരെ സിമ്പിളും പവർഫുള്ളും ആണ്. നമ്മൾ ഈ കാമറ വച്ച് ഒരു സാധനത്തിന്റെ ചുറ്റും നടന്ന് ചിത്രങ്ങളെടുത്തിട്ട് അതിനെ സോഫ്റ്റ്വെയറിൽ കയറ്റി അതിന്റെ ത്രിമാന ചിത്രം ഉണ്ടാക്കുന്ന പരിപാടിയില്ലേ? ഈ ഗ്രഫിക് ഡിസൈനിങ്ങിലുള്ളവർക്കൊക്കെ അല്ലെങ്കിൽ പ്രൊഡക്ട് ഡിസൈൻ ഒക്കെ ചെയ്യുന്നവർ അത്തരം സോഫ്റ്റ്വേറുമായി പരിചിതരായിരിയ്ക്കും. ആ കാമറയ്ക്ക് പകരം ഒരു എക്സ് റേ റ്റ്യൂബ് വച്ചാൽ സീ ടീ ആയി. സോഫ്റ്റ്വേർ വലിയ മാറ്റമൊന്നുമില്ല.

രാഷ്ട്രീയമെന്നാൽ രാഷ്ട്രസേവനമാണ്..സേവനമാണ് വനമാണ് ആണ് ണ്...(മൂന്ന് കുത്തേ) 

ഏത് നോട്ടിലും രാഷ്ട്രീയം വരണമെന്നുള്ളത് എന്റെ അവകാശമാണ്. എക്സ് റേയും സീ ടീ സ്കാനിങ്ങുമൊക്കെ ശരി. അത് നിങ്ങളുടെ സ്കാൻ തന്നെയാണ് ചെയ്യുന്നത്. പക്ഷേ അതിന്റെ പിറകിൽ ഭീകരമായ ഒരു ലോബിയുണ്ട്. അത് കുലുക്കിക്കുത്തി അകത്തൂന്ന് നിങ്ങളുടെ ചിത്രം പോലെ തോന്നിയ്ക്കുന്ന ഒരു ചിത്രമെടുത്ത് കൊടുക്കുന്ന വിദ്യയല്ല. പകരം ഓരോരോ റ്റെസ്റ്റിനും സ്കാനിനും നിങ്ങളുടെ കയ്യിൽ നിന്ന് അന്യായമായി ഈടാക്കുന്ന പണമാണ്. നാട്ടിലെ ഒരു സ്കാനിങ്ങിന്റെ ഏതാണ്ട് 20-30 ശതമാനം തുക ആ സ്കാനിങ്ങ് എഴുതിവിട്ട ഡോക്ടർക്കുള്ള കമ്മീഷനാണ്. ഡോക്ടർക്ക് ആ തുക വേണ്ടെന്ന് പറഞ്ഞെന്ന് വച്ച് ഒരു സ്കാനിങ്ങ് സെന്ററുകാരും എല്ലാ രോഗികൾക്കും അത് കുറച്ച് കൊടൂക്കില്ല. കാരണം ഒരേ സ്കാനിങ്ങിനു രണ്ട് പേരുടെ കയ്യിൽ നിന്ന് രണ്ട് തുക വാങ്ങിയാൽ വെയിറ്റിങ്ങ് ഏരിയയിൽ ഇരിയ്ക്കുന്ന സമയത്ത് രോഗികൾ പരസ്പരം സംസാരിച്ചാൽ ചിലപ്പൊ ചോദ്യങ്ങളും വഴക്കും ഒക്കെ വരാം. എന്നാൽ ആ കമ്മീഷൻ ചില ഡോക്ടർമാർ നല്ല കാര്യത്തിനുപയോഗിയ്ക്കുന്നുണ്ട്. ഉദാഹരണമായി ചിലർ അവർക്ക് കമ്മീഷൻ വേണ്ട പകരം നാലോ അഞ്ചോ കേസിന്റെ കമ്മീഷൻ വച്ച് പാവപ്പെട്ട ഒരു രോഗിയ്ക്ക് സൗജന്യമായി സ്കാൻ ചെയ്ത് കൊടുക്കുക എന്ന് സ്കാനിങ്ങ് സെന്ററുകാരോട് പറയും. പാവങ്ങൾക്ക് ഫ്രീ ആയി ചെയ്ത് കൊടുക്കുന്നു എന്നുള്ളത് ആരും വഴക്കുണ്ടാക്കുകയില്ലല്ലോ. അങ്ങനെ പറയുന്ന ഡോക്ടർമാരുടെ എണ്ണം നിങ്ങൾ വിചാരിയ്ക്കുന്നതിലും വളരെ കൂടുതലാണ് എന്നും എനിയ്ക്ക് പറഞ്ഞേ പറ്റൂ. കമ്മീഷൻ കാശു വാങ്ങി പോക്കറ്റിലിടുന്നവരാണ് ഭൂരിഭാഗവും എന്നും പറയണം.
അടുത്തത് സീ ടീ സ്കാനിങ്ങ്:

No comments:

Post a Comment